നിങ്ങളുടെ ഇടവകയിലോ കമ്മ്യൂണിയിലോ ഒരു ത്രൂ ദ് സ്ക്രിപ്ചേഴ്സ് (ടി ടി എസ്) സ്കൂൾ ആരംഭിക്കാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ? ഇതാ, തുടക്കം കുറിക്കാൻ ചില ആശയങ്ങൾ!
എന്റെ ഇടവകയിലോ കമ്മ്യൂണിയിലോ ഒരു പ്രാദേശിക ത്രൂ ദ് സ്ക്രിപ്ചേഴ്സ് (ടി ടി എസ്) സ്കൂൾ ഞാൻ എന്തിന് ആരംഭിക്കണം?
ഒരു വിദ്യാർഥിയെ അവന്റെ/ അവളുടെ സ്വന്തം വേഗത്തിൽ പഠിക്കാനാണ് ത്രൂ ദ് സ്ക്രിപ്ചേഴ്സ് രൂപകല്പന ചെയ്തിരിക്കുന്നതെങ്കിലും ഒരു ഗ്രൂപ്പ് അന്തരീക്ഷത്തിൽ ഒന്നിച്ചു പഠിക്കുമ്പോൾ പലപ്പോഴും പലർക്കും പ്രയോജനം കിട്ടാറുണ്ട്. കൂട്ടും സഹവർതിത്വവും ഗുണകരമാണെന്ന് മാത്രമല്ല, വ്യക്തിഗത പഠനങ്ങളിൽ ലഭിക്കാത്ത ലക്ഷ്യബോധവും പ്രോത്സാഹനവും സംഘമായുള്ള പഠനങ്ങളിൽ ലഭിക്കാറുണ്ട്. ഒരു പ്രാദേശിക ടി ടി എസ് സ്കൂൾ സ്ഥാപിക്കുന്നതു വഴി ഈ മാറ്റമുണ്ടാകുന്ന മാനുഷിക സ്പർശം ലഭിക്കും.
ഒരു സ്കൂൾ ആരംഭിക്കുന്നതിന്റെ വിവിധ ഘട്ടങ്ങൾ എന്തെല്ലാമാണ്?
- 50 ദിവസം നീളുന്ന കോഴ്സിൽ പതിവു വേഗതയിൽ ബൈബിൾ മൊത്തം സഭാംഗങ്ങൾ പഠിച്ചു തീരുന്ന സ്റ്റാൻഡേർഡ്-പേസ് സ്കൂൾ. കൂടുതൽ വിവരങ്ങൾക്ക് സെമസ്റ്റർ സ്റ്റഡീസ് പേജ് കാണുക.
- രണ്ടോ മൂന്നോ വർഷമെടുത്ത് ബൈബിൾ പഠിക്കാൻ വിദ്യാർഥികൾ സമയം ചെലവഴിക്കുന്ന ഒരു മുഴുവൻ സമയ സ്കൂൾ ആരംഭിക്കുക. ഒരു കോഴ്സിന് 14 ദിവസം എന്ന നിലയിൽ നീങ്ങിയാൽ രണ്ടേ കാൽ വർഷം കൊണ്ട് ബൈബിളിലെ ഓരോ പുസ്തകവും വിദ്യാർഥികൾക്ക് സമഗ്രമായി പഠിക്കാനാവും. ഇതിന് വിദ്യാർഥിയുടെ ഭാഗത്തു നിന്നുള്ള അർപ്പണ ബോധവും വിദ്യാർഥികളുടെ ജീവിതച്ചെലവ് വഹിക്കാനുള്ള സൌകര്യവും ആവശ്യമായി വരും.
- ആവശ്യമുള്ള രീതിയിൽ കോഴ്സുകൾ സംഘടിപ്പിക്കുക. ഒരു അംഗം ഹീബ്രു ബൈബിൾ ക്ലാസ് എടുക്കാൻ തയാറെടുക്കുന്നുണ്ടോ? അയാളെ നമ്മുടെ ഹീബ്രു ക്ലാസിൽ ചേർക്കുക, എന്നിട്ട് ഈ ക്ലാസിനൊപ്പം കൂടുതൽ ആഴത്തിലുള്ള പാഠങ്ങൾ പഠിക്കാൻ അയാളുടെ ക്ലാസിലെ അംഗങ്ങളെ ക്ഷണിക്കുക. ഇടവക പുതിയ ലീഡർമാരെ നിയമിക്കാൻ പോവുകയാണോ? തിമോത്തി, ടൈറ്റസ് 1, 2 എന്നീ കോഴ്സുകൾ പഠിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക. പുതിയ ക്രിസ്ത്യാനികളിൽ ബൈബിൾ പഠനമെന്ന ജീവിതകാലം മുഴുവൻ നീളുന്ന ശീലം വളർത്താൻ സഹായിക്കണോ? ക്രിസ്തുവിന്റെ ജീവിതവും പ്രവൃത്തികളും എന്ന കോഴ്സ് തുടക്കക്കാർക്ക് അനുയോജ്യമാണ്!
- ബൈബിൾ പഠനം സ്ത്രീകൾക്ക് ആഴത്തിൽ നടത്താൻ ഇവ ലേഡീസ് ക്ലാസുകളിൽ ഉപയോഗിക്കുക.
- വേനൽക്കാലത്തെ ഹൈ സ്കൂൾ ഗ്രൂപ്പുകളിൽ ഇത് ഉപയോഗിക്കുക. ഒരു നിശ്ചിത ഗ്രേഡിൽ വിജയിക്കാനുള്ള ലക്ഷ്യബോധം നൽകാൻ ഒരല്പം സൌഹൃദമത്സരവും ആകാവുന്നതാണ്. സുവിശേഷങ്ങളോ പ്രവൃത്തികളോ സംബന്ധിച്ച കോഴ്സ് ആണ് ഈ കാലയളവിൽ നല്ലത്.
- ദമ്പതികൾക്കും മുതിർന്ന കുട്ടികൾ ഉള്ള കുടുംബങ്ങൾക്കും ഒന്നിച്ച് കോഴ്സിൽ പങ്കെടുക്കാനും പഠനത്തിനും ചർച്ചകൾക്കുമായി ഇടക്കിടെ ഒന്നിച്ചു വരാനും സാധിക്കും.
- ഇതിനെ പ്രാദേശിക വചന പ്രഘോഷണത്തിനുള്ള ഒരു വേദിയാക്കുക. വ്യക്തിപരമായി ബൈബിൾ പഠിക്കാനോ ഒരു പ്രത്യേക ശുശ്രൂഷയിൽ പങ്കെടുക്കാനോ താല്പര്യം കാണിക്കാതിരുന്നവർ ചിലപ്പോൾ ഒരു “പഠന സംഘ”ത്തിന്റെ ഭാഗമാകുന്നതിൽ സന്തോഷം കണ്ടേക്കാം. ഈ തരത്തിൽ അവർ കോഴ്സിലെ കാര്യങ്ങൾ പഠിക്കുകയും മീറ്റിങ്ങുകളിലെ ചർച്ചകളിൽ പങ്കെടുക്കുകയും മറ്റുള്ളവരുമായി ബന്ധം വളർത്തുകയും ചെയ്തേക്കാം. ഇത് കൂടുതൽ പഠിക്കുന്നതിലേക്ക് നയിക്കും. ബൈബിൾ ആഴത്തിൽ പഠിക്കാൻ താല്പര്യമുള്ളവരെ നിങ്ങളുടെ കമ്യൂണിറ്റിയിൽ നിന്നു തന്നെ കണ്ടെത്താൻ ശ്രമിക്കുക. ഒരു പള്ളിയിലേക്ക് വരാൻ ആശങ്കയുള്ളവരെ കൂടി ഉൾക്കൊള്ളിക്കാൻ പൊതു സ്ഥലങ്ങൾ പോലെയുള്ള ഒരു മതവുമായും ബന്ധപ്പെടാത്ത സ്ഥലങ്ങളിൽ വച്ച് മീറ്റിങ്ങുകൾ നടത്താൻ ശ്രദ്ധിക്കുക.
- ഈ കോഴ്സുകൾ മിഷൻ രംഗത്തും ഏറെ ഗുണം ചെയ്യാം. പലപ്പോഴും മത പരിശീലനം അപൂർവവും പല സ്ഥലങ്ങളിലും ലഭ്യമല്ലാത്തതും ആണ്. പക്ഷേ ഈ പ്രോഗ്രാം ലോകമെമ്പാടും 23 ഭാഷകളിൽ ലഭിക്കും. ഞങ്ങളുടെ കോഴ്സുകൾ നൽകുന്ന ബൈബിളിന്റെ ആഴത്തിലുള്ള പഠനത്തിലൂടെ ഇടവകയിലെ യുവാക്കൾക്ക് ഗുണം കിട്ടും. നല്ല പഠന ശീലങ്ങൾക്കായി അവരെ പ്രോത്സാഹിപ്പിക്കുന്നതിൽ ഒരു പ്രാദേശിക സ്കൂളിന്റെ സ്ഥാപനം സഹായിക്കും. നിങ്ങൾ പിന്തുണയ്ക്കുന്ന മിഷണറിമാർക്ക് ഇതേക്കുറിച്ച് അറിയും എന്നുറപ്പാക്കുക!
- മറ്റ് പ്രോഗ്രാമുകൾക്കൊപ്പം ചേർക്കാവുന്ന ഒരു കരിക്കുലം ആയും ഞങ്ങളുടെ കോഴ്സുകൾ ഉപയോഗിക്കാം. ഉദാഹരണത്തിന് വിദേശ രാജ്യത്തിലെ ഒരു പ്രീച്ചർ ട്രെയിനിങ് പ്രോഗ്രാമിന് ആ പ്രോഗ്രാമിലെ അധ്യയന അനുഭവം കൂടുതൽ മികച്ചതാക്കാനായി ഞങ്ങളുടെ ചില കോഴ്സുകൾ ചെയ്യേണ്ടത് ആവശ്യമായി വന്നേക്കാം.
ഞാൻ എങ്ങനെ തുടങ്ങണം?
ഗ്രൂപ്പിന്റെ ഡീൻ ആകാൻ ആരെയെങ്കിലും തെരഞ്ഞെടുക്കുക. അത് നിങ്ങൾ തന്നെ ആവുകയും ചെയ്യാം. സംഘാടന ശേഷവും ലക്ഷ്യബോധവും ത്രൂ ദ് സ്ക്രിപ്ചേഴ്സിലൂടെ ബൈബിൾ പഠിക്കാനുള്ള ആവേശവും ഉള്ള ഒരാൾ ആയിരിക്കണം ഡീൻ. ഡീനിന് നാലു പ്രവർത്തനങ്ങളാണ് ഉള്ളത്:
- ഗ്രൂപ്പിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുക.
- ഗ്രൂപ്പ് മീറ്റിങ്ങുകൾ സംഘടിപ്പിക്കുക.
- ഈ പരിശ്രമത്തിലേക്കായി ഗ്രൂപ്പിന് ലക്ഷ്യബോധം നൽകുക.
- ആവശ്യമുള്ളപ്പോൾ കോഴ്സുകളുടെ കാര്യത്തിൽ ഗ്രൂപ്പ് അംഗങ്ങൾക്ക് സഹായം നൽകുക. ഉദാഹരണത്തിന് ഒരു കമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള സഹായം, com-ൽ ഒരു അക്കൌണ്ട് തുടങ്ങാനോ മറ്റ് ഓൺലൈൻ കാര്യങ്ങൾക്കോ ഉള്ള സഹായം.
താല്പര്യമുള്ള ആളുകളെ ഞാൻ എങ്ങനെ ചേർക്കും?
വാർത്ത ഏത്തേണ്ടിടത്ത് എത്തിക്കൂ. അസംബ്ലി നടക്കുമ്പോൾ ഇക്കാര്യം പറയുകയോ പള്ളിയുടെ ബുള്ളറ്റിനുകളിലോ പവർ പോയിന്റ് പ്രസ്താവനകളിലോ പള്ളിയുടെ വെബ് സൈറ്റിലോ ഈ വിവരം ഇടാം. താല്പര്യമുണ്ടാകാനിടയുള്ളവരുമായി നേരിട്ട് സംസാരിക്കുന്നതാണ് ഏറ്റവും ഗുണം ചെയ്യുന്ന രീതി.
മറ്റ് ഇടവകകളുമായു ബന്ധപ്പെടാൻ ശ്രമിക്കുക. ഉദാഹരണത്തിന് ഇക്കാര്യം തന്റെ ഇടവകയിലും അറിയിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരാളെ ഓരോ ഇടവകയിലും കണ്ടെത്തുക. സഭയ്ക്ക് പുറത്തുള്ളവരെയും നിങ്ങൾക്ക് പരിഗണിക്കാവുന്നതാണ്. സഭാംഗം അല്ലെങ്കിലും ബൈബിൾ പഠിക്കാൻ താല്പര്യം ഉള്ളവർക്ക് നിങ്ങൾക്കൊപ്പം സൌകര്യപ്രദമായി ബൈബിൾ പഠിക്കാൻ അവസരം നൽകാനാവുന്ന സമയമാണിത്.
ബൈബിൾ പഠനത്തിൽ വിശേഷിച്ചും താല്പര്യമുള്ള സഭയിലെ ഒരു തലമൂത്ത ആളെ കണ്ടെത്തി ഒരു കോഴ്സ് സ്വയം ചെയ്തു നോക്കാൻ അദ്ദേഹത്തെ ക്ഷണിക്കുക. ഒരു കോഴ്സ് അദ്ദേഹം പൂർത്തിയാക്കിയാൽ സ്കൂൾ തുടങ്ങാൻ അദ്ദേഹം തന്നെ നിങ്ങളെ വളരെയേറെ സഹായിക്കാൻ ഇടയുണ്ട്.
പങ്കെടുക്കാൻ താല്പര്യമുള്ള ചിലരുടെയോ എല്ലാവരുടെയുമോ വിദ്യാഭ്യാസ ചെലവ് വഹിക്കാൻ ഒരു ഇടവക താല്പര്യം കാട്ടിയേക്കാം. സാമ്പത്തിക ബുദ്ധിമുട്ട് എന്ന ഘടകം ഇതിലൂടെ പരിഹരിക്കാം. ഒരു നിശ്ചിത ഗ്രേഡ് നേടി പാസാകുന്നവരുടെ കോഴ്സ് ഫീസ് തുടർന്നും വഹിക്കാൻ ഇടവക തീരുമാനിച്ചാൽ ബൈബിൾ പഠനത്തിൽ അവരുടെ താല്പര്യം അണയാതെ നിർത്താനാവും.
താൽപ്പര്യമുള്ളവരെ കണ്ടെത്തിയാൽ അടുത്ത പടി എന്താണ് നമ്മൾ ചെയ്യുക?
ഏത് ടി ടി എസ് കോഴ്സുകളാണ് ഗ്രൂപ്പ് ഒന്നിച്ച് എടുക്കുകയെന്ന് ഒരു സമവായത്തിൽ എത്തുകയും എല്ലാവർക്കും ഒന്നിച്ചു തുടങ്ങാൻ കഴിയുന്ന തരത്തിൽ കോഴ്സ് ആരംഭിക്കാൻ ഒരു തീയതി നിശ്ചയിക്കുകയും ചെയ്യുക. എങ്ങനെ സൈൻ അപ് ചെയ്യണമെന്ന് വിശദീകരിച്ചു കൊടുക്കുകയും ബുദ്ധിമുട്ട് ഉള്ളവരെ സഹായിക്കുകയും ചെയ്യുക.
ആഴ്ച തോറും ഒരു മീറ്റിങ് സംഘടിപ്പിക്കുക. ചില ഗ്രൂപ്പുകൾ സഭാ ശുശ്രൂഷക്ക് ഒരു മണിക്കൂർ മുൻപ് മീറ്റിങ് നടത്തിയേക്കാം, മറ്റുള്ളവർ മറ്റേതെങ്കിലും സമയത്ത്. പങ്കെടുക്കുന്നവരുടെ സൌകര്യം അനുസരിച്ചുള്ള സമയം തെരഞ്ഞെടുക്കുക. സ്ഥലത്തിന്റെ കാര്യത്തിലും ഇങ്ങനെ തന്നെ. പള്ളിയിലോ അംഗങ്ങളുടെ വീടുകളിലോ സൌകര്യം പോലെ കോഴ്സ് നടത്താം.
പ്രതിവാര മീറ്റിങ്ങുകളിൽ ഞങ്ങൾ എന്തു ചെയ്യണം?
കോഴ്സുകളുടെ പഠനത്തെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് മൊത്തത്തിലുള്ള ലക്ഷ്യം. പരീക്ഷകൾ എഴുതാൻ പഠന ഗൈഡുകൾ നന്നായി പഠിക്കുകയും പ്രയാസമുള്ള കാര്യങ്ങൾ പഠിക്കാൻ പരസ്പരം സഹായിക്കുകയും വേണം.
മിക്ക ഗ്രൂപ്പുകളും ഈ സമയത്ത് ഒരു ആരാധനാ സന്ദേശം ഉൾപ്പെടുത്താറുണ്ട്, ആ ആഴ്ച കോഴ്സിൽ നിന്ന് പഠിച്ച എന്തെങ്കിലും കാര്യത്തിൽ നിന്ന് സ്വീകരിച്ചതാകും ഇത്. ഓരോ ആഴ്ചയും വ്യത്യസ്ത വ്യക്തികൾക്ക് ഈ ആരാധനാ സന്ദേശം അവതരിപ്പിക്കാം.
നിങ്ങൾ തമ്മിലുള്ള സഹവർതിത്വവും സൌഹാർദവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പ്രതിവാര മീറ്റിങ്ങുകളുടെ ഒരു ലക്ഷ്യം. ഇടയ്ക്ക് കോഫിയോ ലഘുഭക്ഷണമോ ഒരു കോഴ്സ് പൂർത്തിയാക്കി കഴിഞ്ഞാൽ ഒരു സദ്യയോ ഒക്കെ ആകാം. ഇത്തരം കാര്യങ്ങൾ നിങ്ങളുടെ മീറ്റിങ്ങിന്റെ പ്രധാന ഉദ്ദേശ്യത്തിന്റെ പ്രാധാന്യം ഇല്ലാതാക്കാതിരിക്കാൻ ശ്രദ്ധിച്ചാൽ മതി.
ഇതെല്ലാം നിർദ്ദേശങ്ങൾ മാത്രമാണ്. ഞങ്ങൾ മെറ്റീരിയൽ നൽകുകയും നിങ്ങൾ നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള ഒരു പ്രാദേശിക സ്കൂൾ ക്രമീകരിക്കുകയുമാണ് ഈ പ്രോഗ്രാമിന്റെ ഭംഗി.
ഞങ്ങളുടെയോ നിങ്ങളുടെയോ ഏതെങ്കിലും ആശയങ്ങൾ വിശേഷിച്ചും വളരെ നന്നായി വന്നോ? അതേക്കുറിച്ച് ഞങ്ങളോട് ഈ ഫീഡ്‌ബാക്ക് പേജി ലൂടെ പറയൂ.